Dahikkunna Bhoomi

Dahikkunna Bhoomi

 

 

ആദ്യത്തെ കഥയെപ്പറ്റി…

 

എഴുതാനാകുമെന്ന്‌ കരുതിയതല്ല. വലിയ നിറപ്പകിട്ടൊന്നുമില്ലാത്ത സ്കൂൾ, കോളേജ്  കാലഘട്ടത്തിൽ കളികളിലായിരുന്നു കൂടുതൽ താത്പര്യം. പക്ഷെ, വായിക്കുമായിരുന്നു ഒരു പാട്. വാരിവലിച്ചുള്ള വായന. പുസ്തകം വായിക്കാൻ ഏറ്റവും വലിയ പ്രേരണ തന്നത് അമ്മയായിരുന്നു. വായന യേറിയതോടെ കമ്പം സാഹിത്യത്തിലേക്ക് മാറി. നാട്ടിൻപുറത്തെ വായനശാലയുടെ സമൃദ്ധി ഒരു താങ്ങായി. പഴയ ആചാര്യന്മാർ തൊട്ട്് പരിഭാഷകളിലൂടെ ബംഗാളികളും, ഹിന്ദിക്കാരും വിദേശികളുമൊക്കെ അയൽക്കാരും കൂട്ടുകാരുമായി. അന്നത്തെ ചിട്ടയായ വായനയിൽ നിന്ന് തന്നെയായിരിക്കണം, ഒരു കഥ പറച്ചിലുകാരന്റേതായ അന്തർമണ്ഡലം രൂപപ്പെട്ടു കിട്ടിയതെന്ന് തോന്നുന്നു.

ഹൈസ്കൂൾ കാലത്ത് ബഷീറും, ഉറൂബുമൊക്കെ മാതൃഭൂമി ആഴ്ച്ചപ്പതി പ്പിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ആനവാരി സീരീസ്, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരുമൊക്കെ വന്നത് എം.വി.ദേവന്റെ ചിത്രങ്ങളോടെ യായിരുന്നു. ബഷീറിനെയും ഉറൂബിനേയും പൊലിപ്പിക്കാൻ ഒരു ദേവ സാന്നിദ്ധ്യം കൂടിയുണ്ടായി. അത്‌ വായനയുടെ പൂക്കാലമായിരുന്നു. 

എഴുതാനുള്ള പേശീബലമുണ്ടെന്ന തോന്നലുണ്ടായത്  ദില്ലിവാസക്കാല ത്തു  എഴുത്തിന്റെ അസ്കിതയുള്ള ചിലരെ പരിയപ്പെടാനായതു കൊണ്ടാണ്. പക്ഷെ, ഓരോരുത്തരുടെയും അന്തർലോകം  വ്യത്യസ്ത മായിരുന്നു. അതു കൊണ്ടു തന്നെ അവരുടെ എഴുത്തും വ്യത്യസ്തമായി രുന്നു. അതൊക്കെ ഏതാണ്ട്  പിടി കിട്ടി വന്നപ്പോഴേക്കും,  അതിശയം തന്നെ, ഞാനും എഴുത്തുകാരനായി കഴിഞ്ഞിരുന്നു. വായനാശീലമുള്ള കുറെ മലയാളികൾ അന്ന് വെള്ളിയാഴ്ചകളിൽ കൊണാട്ട്പ്ലേസിലെ കേരളാക്ലബ്ബിൽ ഒത്തുകൂടുമായി രുന്നു. അധികവും എഴുത്തുകാർ. കൂട്ടത്തിലൊരാൾ സ്വന്തം കഥയും കവിതയും അവതരിപ്പിക്കും, മറ്റുള്ളവർ സർവ്വജ്ഞരെപ്പോലെ അതിനെ പറ്റി അഭിപ്രായം പറയും, കടുത്ത ഭാഷയിൽ വിമർശിക്കും. അങ്ങിനെയൊക്കെ യായിരുന്നു അവിടത്തെ സമ്പദ്രായം.  അക്കൂട്ടത്തിൽ ചെന്നു പെട്ടപ്പോൾ ഒരു കാര്യം  ഉറപ്പായി. അത്യാവശ്യം ഇവർക്കൊക്കെ എഴുതാമെങ്കിൽ എന്തു കൊണ്ട് എനിക്കും എഴുതിക്കൂടാ?

അങ്ങനെയിരിക്കെ, വടക്കേ ഇന്ത്യയിൽ വലിയൊരു വരൾച്ചയുണ്ടായി. ബീഹാറും, യൂ.പി.യുമൊക്കെ വിണ്ടുണങ്ങി വറുതിയുടെ നടുവിലായി. ചില ബീഹാറി സുഹൃത്തുക്കളോടൊപ്പം ചില ഉൾനാടൻ ഗ്രാമങ്ങളിലൂടെ കറങ്ങാനിടയായപ്പോൾ കണ്ട കാഴ്ചകൾ കുറെ നാളത്തെ ഉറക്കം കെടുത്തി. ഒരു വശത്ത് വരൾച്ചയുടെ കെടുതികൾ. പട്ടിണിയിലും പകർച്ചവ്യാധിയിലും പെട്ട്  പിടഞ്ഞു വീഴുന്ന മനുഷ്യരും, മറ്റു ജീവജാലങ്ങളും. മറുവശത്തു     ഭരണകൂടത്തിന്റെ അനാസ്ഥയും അഴിമതിയും. ക്രൂരമായിരുന്നു ആ കാഴ്ചകൾ. ഈ പശ്ചാത്തലത്തിലാണ് ആദ്യത്തെ കഥ രൂപം കൊണ്ടത്.

ഏതാണ്ട് ‘റിപ്പോർട്ടാഷ്’  രീതിയിലുള്ള നേരെഴുത്ത്. ചുറ്റും ജീവജാല ങ്ങൾ ചത്തൊടുങ്ങുമ്പോൾ  വ്യാകുലപ്പെടാതെ ഒരു കുടിലിന്റെ ഉമ്മറത്ത്  നാടൻഹുക്കയും വലിച്ചു കൊണ്ടിരിക്കുന്ന ഒരു കിഴവനായിരുന്നു പ്രധാന കഥാപാത്രം. ആ നീര് വറ്റിയ  ഗ്രാമത്തിന്റെ തന്നെ പ്രതീകമായിരുന്നു വിണ്ടു കീറിയ കണ്ടങ്ങളേക്കാൾ  ചുളിവുകളുള്ള ആ കിഴവൻ. രണ്ടു മൂന്നു വായനകളിൽ വലിയ കുഴപ്പം കണ്ടില്ല. പിന്നെ കടലാസിന്റെ ഒരു വശത്തായി  ആവുന്നത്ര വൃത്തിയിൽ പകർത്തി മാതൃഭൂമി  പത്രാധിപരുടെ പേർക്കയച്ചു കൊടുത്തു. അത് അദ്ദേഹത്തിൻ്റെ കുപ്പത്തൊട്ടിയിൽ വീഴു മെന്ന്  ഉറപ്പായിരുന്നു. 

മാതൃഭൂമിയിൽ കഥ വരാൻ കോഴിക്കോട്ട് പിടി വേണമെന്നായിരുന്നു അന്നത്തെ വിശ്വാസം. ആ നഗരം പോലും കാണാത്ത എനിക്ക്് അവിടെ യെന്ത് പിടി? അങ്ങനെയിരിക്കെ  പെട്ടെന്നൊരു ദിവസം എം.ടിയുടെ കത്ത് വരുന്നു. കഥ നന്നായിരിക്കുന്നു; പ്രസിദ്ധീകരിക്കാൻ മാറ്റി വച്ചിരി ക്കുന്നു. ആദ്യത്തെ കഥ തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരിക! പിന്നീട് കുറെ നാളത്തേക്ക് ഏതാണ്ട് ആകാശമദ്ധ്യത്തിൽ തന്നെയായിരുന്നു. നമ്പൂതിരി യുടെ ചിത്രത്തോടെയുള്ള ആഴ്ചപ്പതിപ്പിന്റെ രണ്ട് കോപ്പികൾ കൊണാട്ട്  പ്ലേസിലെ മദ്രാസ് ഹോട്ടലിന് താഴെയുള്ള കടയിൽ നിന്ന് വാങ്ങി. അവിടത്തെ കൂറ്റൻതൂണിൽ ചാരി നിന്ന് ഒറ്റ വീർപ്പിന് വായിച്ചു തീർത്തു.  

ദാഹിക്കുന്ന ഭൂമിയെന്ന ആ കഥയുടെ അവസാനം ഞാൻ  എഴുതിയത് ഇങ്ങനെയായിരുന്നു. 

കിഴവൻ ചിരിച്ചു. അയാൾ പിറുപിറുത്തു. “ആ കുന്നിനപ്പുറത്തുള്ള പാടങ്ങളിലെ കതിരുകൾക്ക് ഇപ്പോൾ സ്വർണ്ണനിറം വീണിട്ടുണ്ടാവും. എല്ലാം നശിച്ചതു തന്നെ, മുഴുപ്പട്ടിണി വരുന്നു.”

അത് അച്ചടിച്ചു വന്നപ്പോൾ  കിഴവൻ മരിച്ചു  എന്നായിപ്പോയി! അച്ചടി പ്പിശാചിന്റെ ക്രൂരത. പണ്ടൊക്കെ പാലം ഉറപ്പിക്കാൻ മനുഷ്യക്കരുതി വേണമെന്ന് കേട്ടിരുന്നു. അങ്ങനെ ആദ്യത്തെ കഥയിലെ പ്രധാന കഥാപാത്രത്തെ കുരുതി കൊടുത്തു കൊണ്ടാണ് ഞാൻ തുടങ്ങിയത്. അര നൂറ്റാണ്ടിന് ശേഷം തിരിഞ്ഞു നോക്കുന്പോൾ ഞാൻ കെട്ടിയ പാലത്തിന് വലിയ ഉറപ്പ് കുറവ് ഉണ്ടെന്ന് തോന്നുന്നില്ല.