About Me

എന്നെപ്പറ്റി ചിലത്…

പൊതുവെ എന്നെപ്പറ്റി എന്തെങ്കിലും പറയാൻ എനിക്ക് മടിയാണ്. നീണ്ട കാലം തികച്ചും വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളത് കൊണ്ട് എൻ്റെ ജീവിതാനുഭവങ്ങളെ പറ്റി കുറിച്ചിടാൻ അടുത്ത സുഹൃത്തുക്കൾ പലപ്പോഴും നിർബന്ധിച്ചിട്ടും അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി നിൽക്കുകയായിരുന്നു ഞാൻ. കാരണം, അങ്ങനെയുള്ള എഴുത്തിൽ ആത്മ പ്രശംസയുടെ ചുവയുള്ള ‘അഹം’ എന്ന ബോധം വേണ്ടതിൽ കൂടുതൽ കടന്നു വന്നേക്കുമോ എന്ന പേടി തന്നെ. മാത്രമല്ല, മാലോകരോട് ഉറക്കെ വിളിച്ചു പറയാൻ പാകത്തിനുള്ള സമ്പന്നമായ ഒരു ജീവിതം ഞാൻ ജീവിച്ചിട്ടുണ്ടെന്ന് എനിക്കൊരിക്കലും തോന്നിയിട്ടുമില്ല. പിന്നീട് ഒരു പ്രസിദ്ധീകരണത്തിൻ്റെപത്രാധിപർ എൻ്റെ നഗരാനുഭവങ്ങളെ പറ്റി ഒരു കുറിപ്പ് ചോദിച്ചപ്പോൾ അദ്ദേഹത്തെ പിണക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ അതിന് കിട്ടിയ പ്രതികരണം എന്നെ വല്ലാതെ വിനീതനാക്കി. മാത്രമല്ല, അത്തരം വേറിട്ട അനുഭവങ്ങളെ പറ്റി അറിയാനുള്ള കൗതുകം പലർക്കുമുണ്ടെന്ന് എനിക്ക് ബോദ്ധ്യമാകുകയും ചെയ്തു. അതിൽ നിന്നാണ് ഒരു ആത്മകഥ എന്ന ആശയം പിന്നീട് ശക്തമായത്. അതിന് പുറകിൽ ചില സുഹൃത്തുക്കളുടെ സ്‌നേഹപൂർവമായ നിർബന്ധവുമുണ്ടായിരുന്നു. അങ്ങനെ ‘അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ’ എന്ന എൻ്റെ ആത്മകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുകയും പിന്നീട് അത് മാതൃഭുമി ബുക്‌സ് പുസ്തകമാക്കുകയും ചെയ്തു.

തികച്ചും വ്യത്യസ്തമായ, വിപരീതധ്രുവങ്ങളിലുള്ള രണ്ടു മേഖലകളിൽ നീണ്ട കാലം പ്രവർത്തിക്കേണ്ടി വരുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ നിരവധിയാണ്. ഒന്ന് തികച്ചും യഥാതഥമായ തൊഴിൽ മേഖലയാണെങ്കിൽ മറ്റേത് സ്വപ്നസമാനമായ എഴുത്തിൻ്റെ  ലോകവും. പ്രത്യേകിച്ചും എൻ്റെ രീതിയിലുള്ള ഏറെക്കുറെ യഥാതഥ മല്ലാത്ത രീതിയിലുള്ള എഴുത്ത്. പക്ഷെ ഇവ രണ്ടും എനിക്കറിയാത്ത ഏതോ തലത്തിൽ പരസ്പരം പൂരിപ്പിച്ചു കൊണ്ടിരുന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി യിട്ടുണ്ട്. വേറൊരു വിധത്തിൽ പറഞ്ഞാൽ മാനേജ്മെൻറ് തലത്തിലുള്ള എൻ്റെ പ്രവർത്തന ങ്ങൾക്ക് ആക്കവും വൈവിദ്ധ്യവും നൽകിക്കൊണ്ടിരുന്നത് എൻ്റെ സർഗ്ഗാ ത്മക പ്രവർത്തനങ്ങൾ തന്നെയായിരിക്കണം. ഏത് സാധാരണ ചുറ്റുപാടു കളെയും  വേറിട്ട കണ്ണുകളോടെ കാണാനും വിലയിരുത്താനും, വേണ്ടത്ര മാറ്റങ്ങൾ വരുത്താനുമൊക്കെ സാധിച്ചിരുന്നത് ഈ സിദ്ധി കൊണ്ടു തന്നെയായിരിക്കണം. ഉദാഹരണങ്ങൾ നിരവധി. പല കുഴഞ്ഞ പ്രശ്നങ്ങൾക്കും  ഉത്തരം കിട്ടിക്കൊണ്ടിരുന്നത് അങ്ങനെയാണ്. എന്തിനും ഏതിനും രണ്ടു വഴികളു ണ്ടാകാമെന്ന ഉൾവിളി പലപ്പോഴും ഉണ്ടായിട്ടുണ്ട്. നേരെ കാണുന്ന പാതക്ക പ്പുറമായി മറ്റാർക്കും കാണാനാവാത്ത, കുറച്ചു കൂടി മെച്ചപ്പെട്ട മറ്റൊരു വഴിത്താര. ഒരു പക്ഷെ ഒരു സ്രഷ്ടാവിന് മാത്രം തെളിഞ്ഞു കിട്ടുന്ന വഴി.

അതു പോലെ തന്നെ ജോലിയിൽ നിന്ന് കിട്ടിയിരുന്ന സ്ഥിര വരുമാനവും അതിലൂടെ കുടുംബത്തിന് കിട്ടുന്ന സുരക്ഷിതത്വവും എഴുത്ത് ജീവിതത്തിന് നൽകിയിരുന്ന അയവ് ചെറുതല്ല. എഴുതിയില്ലെങ്കിലും ജീവിക്കാമെന്ന ഉറപ്പ്. ജീവിക്കാൻ വേണ്ടി എഴുതേണ്ടി വരികയെന്ന് വന്നാൽ നിലവാരം നോക്കാതെ വല്ലതുമൊക്കെ എഴുതി ക്കൂട്ടേണ്ടി വന്നേക്കും. എഴുതി ജീവിക്കാമെന്ന ധൈര്യം ഒരിക്കലും ഉണ്ടായിരുന്നില്ല. പണ്ടത്തെ കാലത്ത് എഴുത്തിൽ നിന്ന് കിട്ടിയിരുന്ന വരുമാനവും തുച്ഛമായിരുന്നു. ഇന്നു സ്ഥിതി കുറച്ചൊക്കെ മാറിയിട്ടുണ്ടെന്ന് മാത്രം.

മനസ്സുകളുടെ പിടി വിട്ട യാത്രകളെ പിന്തുടരാൻ ശ്രമിക്കുന്ന ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഭാവനയുടെയും യഥാതഥമായ  തലത്തിൽ നിന്നുള്ള  ഇറങ്ങി ക്കയറ്റം അത്രക്ക് എളുപ്പമല്ല. പക്ഷെ ഭാഗ്യമെന്ന് പറയട്ടെ, നിരന്തരമായ ശ്രമം കൊണ്ട് ഈ രണ്ടു രംഗങ്ങൾ തമ്മിലുള്ള ‘സ്വിച്ച് ഓഫും സ്വിച്ച് ഓണും’ സാധിച്ചു കൊണ്ടിരുന്നു. 

തൊഴിലിൽ നിന്നു കിട്ടിക്കൊണ്ടിരുന്ന അംഗീകാരങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ആയുസ്സ് കുറവാണെന്ന് ആദ്യമേ അറിയാമായിരുന്നത് കൊണ്ട് കളം മാറ്റങ്ങൾ എളുപ്പമായിരുന്നു എപ്പോഴും.  ഒരു കസേരയിൽ ഇരിക്കു മ്പോൾ തോന്നുന്ന വലിപ്പം ആ കസേരയുടെത് മാത്രമാണെന്ന തിരിച്ചറിവ് തുടക്കത്തിലേ ഉണ്ടായിരുന്നു. ആ കസേരയിൽ നിന്നു ഇറങ്ങുന്നതോടെ താനെ മാഞ്ഞു പോകുന്നവ. എന്നാൽ തികച്ചും വ്യത്യസ്തമാണ് എഴുത്തിൻ്റെ ലോകം. ഒരു എഴുത്തുകാരനും, കലാകാരനും കുറെ കാലത്തേക്കെങ്കിലും ജനമനസ്സിൽ സ്ഥാനമുണ്ടാകുക സ്വാഭാവികമാണ്. സ്വന്തം ജീവിതകാലത്തു തന്നെ വിസ്മരിക്കപ്പെടുക എന്നത് അങ്ങേയറ്റം വേദനാകരമാവും അയാൾക്ക്. എന്നെ സംബന്ധിച്ചാണെങ്കിൽ ഏറ്റവും ആശ്വാസം കുറെ വായനക്കാരെ ങ്കിലും ഇന്നും എൻ്റെ  രചനകൾ വായിക്കുന്നുണ്ടെന്നതാണ്. തലമുറ മാറ്റത്തോ ടൊപ്പം അഭിരുചികളും മാറുന്നത് സ്വഭാവികമാണ്. അതു കൊണ്ട് അവനവൻ്റെ  കാലശേഷവും തൻ്റെ പേര് നില നിൽക്കുമെന്ന വ്യാമോഹം എനിക്കില്ല. മാത്രമല്ല, കാലത്തെ കടന്നു പോകാൻ കെൽപ്പുള്ളവർ പൊതുവെ കുറവായൊരു കാലഘട്ടത്തിലാണ്  നാം ഇന്ന് ജീവിക്കുന്നത്.

അവാർഡുകളും പദവികളും എളുപ്പത്തിൽ വിസ്മരിക്കപ്പെട്ടേക്കാം. ഒരു ഘട്ടം കഴിഞ്ഞാൽ അവ അവശേഷിക്കുക പുസ്തകങ്ങളിൽ ചേർത്തിട്ടുള്ള ജീവചരിത്ര ക്കുറിപ്പുകളിൽ മാത്രമായിരിക്കും. ഒരു പക്ഷെ അവാർഡു കളുടെ പ്രധാന ഗുണം അതിലൂടെ ഒരാളുടെ പുസ്തകങ്ങൾ കൂടുതൽ വായനക്കാരിലേക്ക് എത്തിപ്പെടുന്നു എന്നതാണ്. 

ചുരുക്കിപ്പറഞ്ഞാൽ, ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ആ രംഗത്തെ എൻ്റെ നേട്ടങ്ങളും കോട്ടങ്ങളും ഇന്ന് ഓർക്കുന്നവർ ചുരുക്കമായിരിക്കും. പക്ഷെ ഒരു എഴുത്തുകാരനെന്ന നിലയിൽ ഞാൻ ഇന്നും അറിയപ്പെടുന്നു എന്നത് തന്നെ ഒരു പ്രധാന കാര്യമാണ്. അതു കൊണ്ട് ആത്യന്തികമായ വിശകലനത്തിൽ താഴ്ന്നു നിൽക്കുന്നത് എഴുത്തിൻ്റെ തട്ട് തന്നെ.