ഒരിക്കലും മരിക്കാത്ത കുറെ ഓർമ്മകൾ 

ഒരിക്കലും മരിക്കാത്ത കുറെ ഓർമ്മകൾ 

 

 

ഒരിക്കലും മരിക്കാത്ത കുറെ ഓർമ്മകൾ  

 

കുട്ടിയായിരിക്കുമ്പോൾ  വലുതാകാനാവും മോഹം, വലുതാകുമ്പോൾ കുട്ടിയാവാനും. അങ്ങനെ എന്നോ കൈവിട്ടുപോയ കുട്ടിക്കാലത്തെ ക്കുറിച്ചുള്ള ഓർമ്മകളെ താലോലിക്കുകയെന്നത് ഒരു സുഖമാണ്,  പ്രത്യേകിച്ചും  നല്ല കാലം കഴിഞ്ഞവർക്ക്.

എൻ്റെ  കുട്ടിക്കാല ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത് കാലവർഷ ക്കാലത്തെ മൂടിക്കെട്ടിയ പകലും, വീശിയടിക്കുന്ന അലിവില്ലാത്ത കാറ്റും, രാവിരുളുമ്പോഴത്തെ മെഴുക്കുമയമുള്ള ഇരുട്ടിൽ  കൂടിപ്പി ണയുന്ന കൂറ്റൻ മരങ്ങളുടെ നിഴലുകളുമൊക്കെയാണ്. അന്നു ഞങ്ങളുടെ ഭാഗത്ത് വൈദ്യുതി ഇല്ലായിരുന്നതു കൊണ്ട് ഇരുട്ട് പരിചയമായിരുന്നു കണ്ണുകൾക്ക്; കാറ്റും മഴയും പഞ്ചേന്ദ്രിയങ്ങൾക്കും. ഒട്ടേറെ പങ്കപ്പാടു കളും കൊണ്ടാണ് കാല വർഷം എത്താറുള്ളതെങ്കിലും പുതുമഴയുടെ വരവറിയിച്ചു കൊണ്ടു  മണ്ണിൽനിന്ന് ഈയാംപാറ്റകൾ പൊങ്ങാൻ തുടങ്ങുമ്പോൾ, വായുവിൽ ഈർപ്പം വീഴാൻ തുടങ്ങുമ്പോൾ, മഴക്കാല ത്തിനായുള്ള കാത്തിരിപ്പായി. മഴക്കാലത്തെക്കാൾ കൂടുതൽ, രണ്ടു മൂന്നു കൊല്ലത്തിലൊരിക്കൽ വിരുന്ന് വരാറുള്ള മലവെള്ളത്തിനു വേണ്ടി. തോരാത്ത മഴയിൽ, കാറ്റിനോട് എതിരിടാനാകാതെ  ഉലയുന്ന കുടക്കീഴിൽ മുട്ടോളം വെള്ളമുള്ള ഇടവഴി കളിലൂടെ നീന്തിയാണ് സ്കൂളിൽ പോകാറ്. അങ്ങനെ വളം കടിച്ചു  നീറുന്ന വിരലുകൾക്കിടയിലെ കുമിളകളെ കുത്തിപ്പൊട്ടിച്ചു തുരിശ് ലായനിയുടെ മരുന്ന് പുരട്ടുക അമ്മയുടെ പണിയായിരുന്നു.

നാല് വശവും പുഴകൾ കൊണ്ടു വരിഞ്ഞ ചേന്ദമംഗലം എന്ന കൊച്ചു ഗ്രാമം. തലമുറകളായി രണ്ടു നൂറ്റാണ്ടു കാലത്തോളം കൊച്ചി മഹാ രാജാവിൻ്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാരുടെ ആസ്ഥാന മായിരുന്ന, ചരിത്രം ഉറങ്ങുന്ന ഗ്രാമം. ഞങ്ങളുടെ വീടിനു പുറകിലും ചെറി യൊരു പുഴയുണ്ടായിരുന്നു. ഞങ്ങളുടെ പറമ്പിനും പുഴയ്ക്കുമിട യിൽ മറ്റൊരു വളപ്പുമുണ്ടെന്നു മാത്രം. കയ്യൂക്കുള്ളവർ കയ്യേറി  മെലിഞ്ഞുപോയ പുഴക്ക് ഇപ്പോൾ നഷ്ടപ്രതാപം ഓർത്തു നെടുവീർപ്പി ടാനേ കഴിയൂ. എന്നാലും ഊറ്റം കൈ വിടാത്ത ആ പുഴക്കുഞ്ഞിനെ വാഴ്ത്താനും ഇഷ്ടമായിരുന്നു ഞങ്ങൾക്ക്. കാരണം, എനിക്കുമുണ്ടൊരു കുഞ്ഞുപുഴ എന്ന് പാടാനാ കുമല്ലോ...എന്തായാലും, മിഥുനത്തിൻ്റെ ഒടുവിലോ, കർക്കിടകത്തിൻ്റെ ആദ്യത്തിലോ മറ്റോ പുഴവെള്ളത്തിൽ കലക്കം വീഴാൻ തുടങ്ങുമ്പോഴേ ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങും. കിഴക്കൻകുന്നുകളിടിഞ്ഞ് ചെമ്മണ്ണ് കലങ്ങി നിറം വീഴുന്നതാണത്. തരക്കേടില്ലാത്തൊരു ഒഴുക്കുള്ള വെള്ള ത്തിൽ ‘വലിവ്’ വീഴുമ്പോഴേ അത് കൃത്യമായി തിരിച്ചറിയുന്നവരാണ് കാരണവന്മാർ. അവരുടെ സിഗ്നൽ കിട്ടിയാൽ പുരച്ചാർത്തിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന കളിവഞ്ചികൾ പുറത്തെടുക്കുകയായി. വല്ലപ്പോഴുമൊരിക്കൽ അണ്ടി നെയ്യ് തേച്ചു പരുവപ്പെടുത്തി കാണുമെമെങ്കിലും, അകത്തുള്ള അഴു ക്കുകളൊക്കെ കഴുകിക്കളഞ്ഞ് വെടിപ്പാക്കുന്ന പണി കുട്ടികൾക്കാണ്. മൂന്നു വഞ്ചികളുണ്ടായിരുന്നു ഞങ്ങളുടെ തറവാട്ടിൽ. രണ്ടു മൂന്നാൾക്ക് ഇരിക്കാവുന്ന രണ്ടു ഇടത്തരം വഞ്ചികളും, ഒരാൾക്കുള്ള ഓടിവഞ്ചിയും.

മലവെള്ളത്തിൻ്റെ വരവിൻ്റെ ആദ്യസൂചന കിട്ടിയാൽ കമ്പുകൾ വെട്ടി ഏറ്റക്കോലുകൾ കുത്തി നിറുത്തുകയെന്നതാണ് ആദ്യത്തെ വിനോദം. ആഹ്ളാദകരമായൊരു ഉത്തരവാദിത്തം. പിന്നീട് മണിക്കൂറുകൾ തോറും പോയി നോക്കിക്കൊണ്ടിരിക്കും കോലുകൾ കയറ്റിക്കുത്തണോ എന്നറി യാനായി. അങ്ങനെ വെള്ളം പുറകിലത്തെ പറമ്പിൻ്റെ അതിര്  കടന്ന്  ഞങ്ങളുടെ വളപ്പിലേക്ക് കയറാൻ തുടങ്ങുമ്പോഴേക്കും പുറകിലെ പുഴ യിൽ നിന്ന് ആർപ്പുവിളികളും, കൂക്കുവിളികളും മുഴങ്ങുകയായി. കളി വഞ്ചികളുമായി തുരുത്തുകളിൽ നിന്ന് സംഘങ്ങൾ ഇറങ്ങിയതിൻ്റെ സൂചനയാണത്. സാമാന്യം ‘നാടനൊക്കെ’ അകത്താക്കി മലവെള്ളം ആഘോഷിക്കാനിറങ്ങിയ ചെറുപ്പക്കാർ. ഞങ്ങളുടെയൊക്കെ വീടുക ളിൽ നിന്ന് സ്ത്രീകളും വഞ്ചി കളിക്കാനിറങ്ങുമെങ്കിലും പുഴയിലേക്ക് പോകാൻ അനുവാദമില്ലവർക്ക്. മലവെള്ളക്കാലത്ത് ഒഴുക്ക് ശക്തമാണ് പുഴയിൽ. മാത്രമല്ല, പെണ്ണുങ്ങളുടെ വഞ്ചി മുക്കി, രക്ഷിക്കാനായി പുഴയി ലേക്കെടുത്ത് ചാടുന്ന വിരുതന്മാരും കാണും പുറകെ. അതു കൊണ്ട് ഏകദേശം ഒരാൾക്ക് വെള്ളമുള്ള അടുത്ത പറമ്പുകളിലൂടെ മാത്രം വഞ്ചി തുഴഞ്ഞു പോകാം, അവർക്ക്, രണ്ടു വ്യവസ്ഥകളിൽ മാത്രം- നീന്തൽ അറിഞ്ഞിരിക്കണം, കൂട്ടം തെറ്റിപ്പോകുകയുമരുത്.

പാവങ്ങൾക്ക് വറുതിയുടെ കാലമാണ് മലവെള്ളക്കാലം. വീടുകൾ വെള്ളത്തിനടിയിലാകുമ്പോൾ വടക്കുള്ള കുന്നിൻമുകളിലേക്കോ, സ്കൂൾ കെട്ടിടത്തിലേക്കോ മാറിയേ പറ്റൂ. കഞ്ഞി വീഴ്ത്തിനും  മറ്റു സഹായ ങ്ങൾ ക്കുമായി ചില സന്നദ്ധസംഘങ്ങൾ തയ്യാറുണ്ടെങ്കിലും വെള്ളമിറ ങ്ങരുതേയെന്ന് കുട്ടികൾ പ്രാർത്ഥിക്കുമ്പോൾ ഓർക്കാപ്പുറത്ത് വന്നു കയറിയ വെള്ളത്തെ പ്രാകുകയാവും പാവങ്ങൾ. സാധാരണയായി രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ വെള്ളം ഇറക്കം തുടങ്ങുമെങ്കിലും അതിലും നീണ്ടുപോയ കാലവുമുണ്ടായിട്ടുണ്ട്. കുപ്രസിദ്ധമാണ് കൊല്ലവർഷം 1099 ലെ വെള്ളപ്പൊക്കം. അന്നു ഞങ്ങളുടെ വീട്ടിനകത്ത് അരയ്ക്ക് വെള്ള മുണ്ടായിരുന്നത്രെ. അത്തരം ഘട്ടങ്ങളിൽ ഉപയോഗിക്കാനായി ഒരു മാളിക പോലെ  സജ്ജമാണ് ഞങ്ങളുടെ തട്ടിൻപുറം. തിരുവാതിര ഞാറ്റു വേലക്കാലത്ത് വെള്ളം കയറിയാൽ ഓണം കണ്ടേ തിരിച്ചു  പോകൂവെന്ന് ഒരു ചൊല്ലുണ്ടെങ്കിലും അങ്ങനെയൊന്ന് നേരിൽ കണ്ടിട്ടില്ല. പക്ഷെ, ഒരിക്കൽ അങ്ങനെ ഏറെ നാൾ കയറിയും ഇറങ്ങിയും കിടന്ന വെള്ളം പിന്നീട് ഓണസദ്യയുടെ ഇലകൾ ചെന്നു വീണ ശേഷമാണ് ഇറങ്ങിപ്പോയ തെന്ന് അമ്മ പറയുന്നതു കേട്ടിട്ടുണ്ട്. എന്തായാലും, നാട്ടുകാരുടെ പറച്ചി ലുകളിൽ പ്രകൃതിയുടെ ഇത്തരം വിക്രിയകൾ അറിയാതെ കടന്നു വരാ റുണ്ട്. ഏതു സംഭവത്തെപ്പറ്റി പറയുമ്പോഴും, കൃത്യമായി അടയാള പ്പെടുത്താനായി തൊണ്ണൂറ്റൊമ്പതിലെ വെള്ളത്തിനു ശേഷം ഇത്രാം കൊല്ലം, അല്ലെങ്കിൽ പതിനാറിലെ കാറ്റിനു ശേഷം ഇത്രാം കൊല്ലം, എന്നൊക്കെ പറയാറുണ്ട് മുതിർന്നവർ. എൻ്റെ  ഏറ്റവും ഒടുവിലത്തെ മലവെള്ള അനുഭവം 1960ലേതാണ്. ഞാൻ കോളേജ് വിട്ട വർഷം. അന്ന് നാഴികകളോളം നടന്നും, നീന്തിയും, വഞ്ചി കയറിയും വല്ല വിധം വീട്ടിലെത്തിയത് ഓർമ്മയുണ്ട്.

ഇന്ന് വല്ലപ്പോഴും നാട്ടിൽ വരുന്ന വിദേശങ്ങളിലുള്ള എൻ്റെ  പേര ക്കുട്ടികൾക്ക് നമ്മുടെ വെളിച്ചത്തിന് തീരെ വെളിച്ചം പോരാത്രെ! ബഷീർ പറഞ്ഞതിന് നേരെ എതിര്! ഇരുട്ടിന് എന്തിരുട്ട് എന്നു പരാതിപ്പെടാതെ വളർന്ന ഞങ്ങളുടെ തലമുറയ്ക്കാണെങ്കിൽ ഇതു തന്നെ ധാരാളം. 

ജനിച്ചത് നാട്ടിലായിരുന്നെങ്കിലും അഞ്ചു വയസ്സ് വരെ വളർന്നത് അച്ഛൻ ജോലി ചെയ്തിരുന്ന പുണെയിലായിരുന്നു. അന്ന് പുണെയിൽ മെച്ചപ്പെട്ട പഠനസൌകര്യങ്ങളുണ്ടായിരുന്നെങ്കിലും, നാട്ടിൽത്തന്നെ പഠിക്കണ മെന്ന് നിഷ്കർഷിച്ചത് അച്ഛൻ തന്നെയായിരുന്നു. അങ്ങനെ നാട്ടിൻ പുറത്തെ ഒരു മലയാളം മീഡിയം സ്കൂളിൽ പഠിച്ചതു കൊണ്ട്  ഭാവി കാലത്ത് ഒരുപാട് നേട്ടങ്ങളുണ്ടായി. നാട്ടിൻപുറത്തിൻ്റെ കുറെയേറെ നന്മകൾ ഉൾക്കൊള്ളാ നായെന്ന് മാത്രമല്ല, മലയാളത്തിലെ എഴുത്തു കാരനാകാനുമായി.

രസകരമാണ് ഞാൻ പഠിച്ച പാലിയത്തച്ഛൻ തുടങ്ങിയ സ്കൂളിൻ്റെ ചരിത്രം. ശതാബ്ദി ആഘോഷിച്ചു  കഴിഞ്ഞ ആ  മുത്തശ്ശി സ്കൂൾ ആദ്യം തുടങ്ങിയത് പാലിയത്തെ നാലുകെട്ടിലായിരുന്നത്രെ. ചേരുന്നതു മൂന്നാം ക്ലാസിൽ, അവിടന്ന് രണ്ടിലേക്കും, ഒന്നിലേക്കും എന്നായിരുന്നത്രെ പണ്ടത്തെ ക്രമം.  ഒടുവിൽ, എല്ലാ ജാതിക്കാർക്കും പഠിക്കാവുന്ന രീതിയിൽ സ്കൂൾ പൊതുസ്ഥലത്തേക്കു മാറ്റി. അക്കാലത്തെ കൊച്ചിയിലെ പ്രമുഖ സ്കൂളുക ളിൽ ഒന്നായിരുന്നതു കൊണ്ടു പഠിപ്പിക്കാനായി തമിഴകം അടക്കമുള്ള മറുനാടുകളിൽ നിന്ന് പ്രഗത്ഭന്മാരായ അധ്യാപകരെ കൊണ്ടു വന്നി രുന്നു. പനമ്പിള്ളിയും, ടി.സി.എൻ. മേനോനും, ഐ.സി.എസ്സിൽ ഒന്നാം റാങ്ക് നേടിയ ആദ്യമലയാളിയായ വെങ്കിടേശ്വരനും, കേന്ദ്രത്തിലെ സെക്രട്ടറിയും ഭരണഘടന രൂപീകരണകാലത്ത് ബി.രാമറാവുവിൻ്റെ വിശ്വസ്തനുമായിരുന്ന കൃഷ്ണമണിയുമൊക്കെ പഠിച്ചിറങ്ങിയ സ്കൂൾ. എണ്ണത്തിൽ കുറവായിരുന്ന ജൂതക്കുട്ടികളെ ഹീബ്രൂ പഠിപ്പിക്കാനായി ഒരു പാർട്ട്ടൈം  അധ്യാപകൻ വരെയുണ്ടായിരുന്നു അക്കാലത്ത്. പിൽ ക്കാലത്ത് ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.

കുട്ടിസ്സാറിൻ്റെമകൻ വെങ്കിടേശ്വരന് ഐ.സി.എസ്സ് ഒന്നാംറാങ്ക് കിട്ടിയ പ്പോൾ അസംബ്ളി ഹാളിലെ സ്റ്റേജിൽ ഒരു അത്ഭുതജീവിയെപ്പോലെ പ്രദർ ശിപ്പിച്ചു കൈയടിപ്പിച്ചത് ഓർമ്മ വന്നു. അതായത് ഞങ്ങൾ ക്കൊക്കെ അനുകരിക്കാനൊരു റോൾമോഡൽ. ധ്വരമാരുടെ പരീക്ഷയി ലൂടെ  സർക്കാർ ശേവുകത്തിൽ കയറുന്നവർ, ക്രമേണ വെളുത്തു ചുവന്നു ധ്വരമാരെപ്പോലെയാകുമത്രെ. മുടി ചെമ്പിക്കും, കണ്ണു പൂച്ചയു ടേതാകും... അങ്ങനെ പോയി അന്നു കേട്ട കഥകൾ. അതോടെ രാജ്യത്തെ ഏറ്റവും മിടുക്കനായ വെങ്കിടേശ്വരനോട് ആരാധനയായി, മുൻശുണ്്ഠിക്കാരനായ കുട്ടിസ്സാറിനോട് ഭയം കലർന്ന ആദരവും. മുഖം വടിക്കുന്ന ദിവസങ്ങളിലാണ് കുട്ടിസ്സാറിന് കലി കയറുക, മുടി വെട്ടി ക്കുന്ന ദിവസങ്ങളിൽ അത് ഇരട്ടിയാകുകയും ചെയ്യും. മുൻവശം ‘റ’ പോലെ വടിച്ചു ബാക്കി കുടുമ്മയ്ക്കായി മാറ്റി വയ്ക്കുകയാണ് പതിവ്. അരിശം വല്ലാതെ തിളയ്ക്കുമ്പോൾ കുട്ടിസ്സാർ മുടി അഴിച്ചിടാറുണ്ട്; ആടാറില്ലെന്നു മാത്രം. അപ്പോഴേക്കും ഫുൾക്കൈ ഷർട്ടിനടിയിൽ ഒളിപ്പിച്ചു വച്ച ചൂരൽ പാമ്പായി തല പുറത്തേക്കു നീട്ടിയിരിക്കും. 

സൌമ്യനായ ഏപ്പി കൃഷ്ണമേനോൻ, പിൻചെവിയിലെ എറ്റ് എന്ന സ്കൂളിലെ മൂന്നാംമുറ കണ്ടുപിടിച്ച ഡമ്മൻ എന്ന വിളിപ്പേരുള്ള ഗോവിന്ദ മേനോൻ, കണിശക്കാരനായ ജോസഫ് മാഷ്,  പെൺകുട്ടികളുടെ ക്ലാസിലേ ക്കായി വിശേഷഫലിതങ്ങൾ കരുതിവച്ചിരുന്ന മധുരപ്രിയൻ മണി മേനോൻ, അച്ചിപ്പിച്ചി രാമയ്യർ, തല്ലുവീരൻ പാപ്പാളി ഇൻസ്പെക്ടറുടെ  പേര് വീണ കുമാരമേനോൻ.... അങ്ങനെ ആരൊക്കെ. വർഷങ്ങൾക്കു ശേഷം ഉദ്യോഗ വുമായി നാട്ടിലെത്തിയപ്പോൾ നിരത്തിൽ വച്ചു കണ്ട പാപ്പാളി എന്നെ തിരിച്ചറിഞ്ഞില്ല.  ഓർമ്മപ്പെടുത്തിയപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത്, ഞാൻ തന്നെ ഒരുപാട് തല്ലിയിട്ടുണ്ടോ എന്നായിരുന്നു. ഇല്ലെന്നു ഞാൻ പറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചില്ല. അജ്ഞാതമായ ഏതോ കുറ്റബോധ ത്തിൻ്റെ പിടച്ചി ലിൽ ഏതോ ചില  പഴയ കണക്കുകൾ വെട്ടുകയും തിരുത്തുകയുമായിരുന്നു  കണക്കിൽ മിടുക്കനായിരുന്ന മാഷ്.  

മറക്കാനാവാത്ത സ്കൂൾകാലം. ചൂരലുകളുടെ നീളവും വണ്ണവും വച്ചു മാഷന്മാർ അളക്കപ്പെട്ടിരുന്ന കാലത്ത് ഞങ്ങളുടെ പ്രിയപ്പെട്ടവൻ ഡ്രായിങ്ങ് മാഷ് അപ്പുമേനോനായിരുന്നു. പടം വരയ്ക്കുന്നതിനേക്കാൾ കഥ പറയുന്നതിലായിരുന്നു മാഷ്ക്ക് താത്പര്യം. ഡ്രായിങ്ങിനുള്ള ഒന്നോ രണ്ടോ പീരിയഡ് കഴിഞ്ഞാൽ പിന്നെ കഥ പറച്ചിലാണ്. ഏതെങ്കിലും ടീച്ചർ അവധിയിലാണെങ്കിൽ ആ ക്ലാസ് കൈകാര്യം ചെയ്യാനായി ഡ്രായിങ്ങ് മാഷെ നിയോഗിക്കുന്ന  ഒരു ഏർപ്പാട് അന്നുണ്ടായിരുന്നു. സീരിയലായുള്ള കഥ പറച്ചിലാണ് മാഷ്ടെ  സമ്പദായം. ഒരു ക്ലാസിൽ തുടങ്ങുന്ന കഥ രസം പിടിച്ചു വരുമ്പോഴായിരിക്കും ബെല്ലടിക്കുക. പിന്നെ ആരെങ്കിലും ലീവെടുക്കാനാവും കുട്ടികളുടെ പ്രാർത്ഥന. അത്തരം ഇടവേളകളിൽ കുട്ടികൾ തന്നെ പോയി മാഷെ ആഘോഷ മായി വിളിച്ചു കൊണ്ടു വരികയാണ് പതിവ്. വർഷത്തിൻ്റെ തുടക്ക ത്തിൽ ആരംഭിക്കുന്ന സീരിയൽ കഥകൾ കൊല്ലാവസാന പരീക്ഷയ്ക്ക് മുമ്പേ കൃത്യമായി തീരാറുണ്ട്. കൂട്ടത്തിൽ ചില ഭാഗങ്ങൾ അദ്ദേഹം അഭിനയിച്ചു കാണിക്കുകയും ചെയ്യും. ആനിവേർസറി നാടകങ്ങളുടെ രചനയും, സംവിധാനവും മേക്കപ്പുമൊക്കെ മാഷ് തന്നെ. എന്തായാലും, കഥ കേൾ ക്കാനും പറയാനുമുള്ള എൻ്റെ  താത്പര്യം തുടങ്ങുന്നത് അദ്ദേഹത്തിൻ്റെ ക്ലാസുകളിൽ നിന്നു തന്നെ.

ക്ലാസുമുറികൾക്കപ്പുറം ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന ആ തലമുറ മുഴുവൻ എന്നേ പോയി. പതിറ്റാണ്ടുകൾക്കു ശേഷം ഈയിടെ ആ വഴി പോയ പ്പോൾ വീണ്ടും നിക്കറിട്ട കുട്ടിയായതു പോലെ തോന്നി. വാൽപ്പുഴു തിന്ന കുറെ പഴയ ചിത്രങ്ങൾ. കേട്ടു മറന്ന ശബ്ദങ്ങൾ.  കഴുക്കോലുകളുടെ ഇട യിലിരുന്ന് കുറുകുന്ന പ്രാവുകൾ. വെളിച്ചമില്ലാതിരുന്ന കാലത്ത് ഞങ്ങ ളുടെ നാട്ടിൻപുറത്തേക്ക് വെളിച്ചം കൊണ്ടുവന്ന, ഞങ്ങളുടെ കണ്ണ് തെളി യിച്ച, സ്കൂളിന് വയസ്സായെന്നു വിശ്വസിക്കാൻ പ്രയാസം.

പാലിയത്തിൻ്റെ പ്രതാപകാലമായിരുന്നു അത്. അവിടത്തെ അമ്പല ത്തിലെ ഒമ്പതു ദിവസത്തെ ശിവരാത്രി ഉത്സവം ഗംഭീരമാകാറുണ്ട്. പതി വുള്ള ആനയെഴുന്നെള്ളിപ്പിനും, സന്ധ്യയ്ക്കുള്ള ഓട്ടൻതുള്ളൽ, പാഠകം, എന്നിവയ്ക്കൊക്കെ പുറകെ ആദ്യത്തെ അഞ്ച് ദിവസമെങ്കിലും കലാ മണ്ഡലം മേജർസെറ്റിൻ്റെ കഥകളിയുണ്ടാകാറുണ്ട്. അവിടെ വന്നു പോകാത്ത പ്രഗത്ഭന്മാരായ നടന്മാരോ, വാദ്യ കലാകാരന്മാരോ പാട്ടു കാരോ ആരുമുണ്ടായിരുന്നില്ല. പുലരും വരെയുള്ള കഥകളിയാണ്. രാത്രി അത്താഴത്തിനു ശേഷം തുടങ്ങിയാൽ തീരുമ്പോഴേക്കും പുലർച്ചയാകാ റുണ്ട്. അമ്പലപ്പറമ്പിലെ സ്റ്റേജിൽ കളി നടക്കുമ്പോൾ മുമ്പിലുള്ള മണലിൽ ചടഞ്ഞിരിക്കുകയാണ് പതിവ്. ഇടയ്ക്ക് ഉറക്കം കീഴ്പെടുത്തു മ്പോൾ അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്യും. പിന്നെ ഞെട്ടിയുണ രുന്നത് ചുവന്ന താടിയുടെ അലർച്ച കേൾക്കുമ്പോഴാണ്. അങ്ങനെ ഉറങ്ങിയും ഉണർന്നും കണ്ട പുലരും വരെയുള്ള കഥകളിയുടെ ആസ്വാ ദ്യത പിൽക്കാലത്തെ ടൌൺഹാളുകളിലെ രണ്ടു മണിക്കൂറിലെ കാപ്സ്യുൾ കഥകളിയിൽ കിട്ടിയിട്ടില്ല. 

പക്ഷെ, കഥ കേൾക്കാനും പറയാനുമുള്ള താത്പര്യം കൂടിയത് ഞങ്ങ ളുടെ അമ്പലത്തിലെ ചാക്യാർകൂത്ത് കാലത്താണ്. മേടമാസത്തിൽ നാല്പ ത്തൊന്ന് ദിവസത്തെ കൂത്തുണ്ടാവും അവിടത്തെ അരങ്ങിൽ. മഹാഭാര തത്തിലെയോ രാമായണത്തിലെയോ ഏതെങ്കിലും ഭാഗം തുടർച്ചയായി അവതരിപ്പിക്കുകയാണ് പതിവ്. പ്രഗത്ഭന്മാരായ ചാക്യാർമാരുടെ സഹജ മായ നർമ്മബോധത്തോടെയുള്ള കഥ പറച്ചിൽ വലിയൊരു അനുഭവമാ യിരുന്നു. പ്രത്യേകമായി ഒരുക്കിയ പന്തലിലിരിക്കുന്ന നമ്പൂതിരിമാ രെയും അവരുടെ ഭാര്യമാരായ കുഞ്ഞമ്മമാരേയും നിഷ്കരുണമായി കളി യാക്കുകയെന്നത് ചാക്യാർമാരുടെ വിനോദമായിരുന്നു. ചിലപ്പോഴൊക്കെ അതിൽ അല്പം അശ്ലീലവും കലരാറുണ്ട്. എന്തായാലും, അതൊക്കെ എൻ്റെ  കുട്ടിക്കാല ഓർമ്മകളിൽ ഇപ്പോഴും പച്ച  പിടിച്ചു നിൽക്കുന്നു.

ഞങ്ങളുടെ തലമുറയുടെ വളർച്ചയിൽ വലിയൊരു പങ്ക് വഹിച്ചത് നമ്മുടെ വായനശാലകളാണെന്ന് പറയാതെ വയ്യ, ഗ്രാമീണ ഗ്രന്ഥശാല പ്രസ്ഥാനം വളരെയേറെ ശക്തിയാർജ്ജിച്ചിട്ടുള്ള കേരളത്തിൽ പ്രത്യേ കിച്ചും. മറ്റൊന്ന് സാക്ഷരതയിൽ മാത്രമല്ല, സ്ത്രീകളുടെ വിദ്യാഭ്യാസ ത്തിലും നമ്മുടെ നാടിന് കൈവരിക്കാൻ കഴിഞ്ഞ വിസ്മയകരമായ പുരോഗതിയാണ്. സാധാരണക്കാരന് വൈദ്യുതി അപ്രാപ്യമായ ഞങ്ങളുടെ നാട്ടിലെ ശരിയായ വിളക്കുകാൽ ഞങ്ങളുടെ വായനശാല യായിരുന്നു. മാത്രമല്ല, വാരികകളും പുസ്തകങ്ങളും  വാരി വലിച്ചു  വിഴു ങ്ങിയിരുന്ന അമ്മമാരും ചേച്ചിമാരേയും കണ്ടാണ് കുട്ടികൾ വളർന്നത്. എൻ്റെ  ചെറിയ പ്രായത്തിൽ തന്നെ വീട്ടിൽ പത്രങ്ങൾ വന്നിരുന്നു, വായന ശാലയിൽ നിന്നുള്ള പുസ്തകങ്ങളും. ക്ലാസ് പുസ്തകങ്ങൾ വായിക്കണമെന്ന് നിർബന്ധിക്കാതിരുന്ന അമ്മ മറ്റു പുസ്തകങ്ങൾ തീർച്ചയായും വായിക്ക ണമെന്ന് പറയാറുണ്ടായിരുന്നു. അങ്ങനെ കോളേജ് കാലം കഴിയുമ്പോ ഴേക്കും പരിഭാഷകളിലൂടെ ചില ലോകക്ലാസിക്കുകളും ഭാരതീയ ക്ലാസിക്കുകളുമായി പരിചിതനാകാൻ കഴിഞ്ഞു. ഇതിലൂടെ സാദ്ധ്യമായ മാനസികവികാസത്തിലൂടെ പിൽക്കാലജീവിതത്തിലെ ഒട്ടേറെ സങ്കീർ ണ്ണതകളിലൂടെ കടന്നു പോകാനായി.

പുതിയ തലമുറ പുസ്തകങ്ങളിൽ നിന്ന് അകന്നു പോകുന്നുവെന്നത് കുറെയൊക്കെ ശരിയാണ്. അച്ചടിച്ച പുസ്തകങ്ങളില്ലെങ്കിൽ ഡിജിറ്റൽ പുസ്തകങ്ങളിലൂടെയെങ്കിലും വായന നടക്കട്ടെയെന്ന് എനിക്ക് തോന്നാ റുണ്ട്. പക്ഷെ, മുന്തിയ സ്മാർട്ട്ഫോണുകളും, മറ്റു ഇലക്ട്രോണിക് മാദ്ധ്യമ ങ്ങളും, സമൂഹമാദ്ധ്യമങ്ങളും ഈ ഇടത്തിലേക്ക് വല്ലാതെ കടന്നു കയറി യിരിക്കുന്നു. ഇതിൽ ഗുണദോഷങ്ങളുടെ അളവുകൾ കണ്ടു പിടിക്കുക എളുപ്പമാവില്ലെങ്കിലും ഇന്റർനെറ്റ് തരുന്നത് കുറെ വിവരങ്ങൾ മാത്ര മാണെന്നും അത് ശരിയായ  അറിവല്ലെന്നും പുതിയ തലമുറ തിരിച്ചറി യേണ്ട കാലം കഴിഞ്ഞി രിക്കുന്നു.

എന്തായാലും, പല പഴയ കാല തനിമകളും ഇന്നത്തെ കുട്ടികൾക്ക് നഷ്ടപ്പെടുന്നുണ്ടെന്ന് തോന്നിപ്പോകാറുണ്ട്. പഴയ കാലം എത്രയോ നല്ലത്, ഇന്നത്തെയെല്ലാം മോശമെന്ന് പരാതിപ്പെടുന്ന ഒരു പഴഞ്ചൻ മനസ്സുകാ രനല്ല ഞാൻ. പക്ഷെ, ഗ്രാമങ്ങൾ പട്ടണങ്ങളെയും, ചെറിയ പട്ടണങ്ങൾ വലിയ പട്ടണങ്ങളെയും, വലിയ പട്ടണങ്ങൾ നഗരങ്ങളെയും എത്തിപ്പിടി ക്കാൻ ശമ്രി ക്കുന്ന ഇക്കാലത്ത് ഗ്രാമീണസ്വത്വത്തിന് വേണ്ടി എവിടെ തിരയും നമ്മൾ, പ്രത്യേകിച്ചും  കേരളത്തിൽ? ഈ ഹൈടെക്ക് യുഗ ത്തിൽ വൈഫൈയും, ബ്യൂട്ടിപാർലറുമില്ലാത്ത ഗ്രാമങ്ങൾ ഇന്ന് കേരളത്തിൽ തന്നെ ചുരുക്കമാണ്. പക്ഷെ, കപടനാഗരികതയും, ഉപഭോ ഗസംസ്കാരവും കൈകോർക്കുമ്പോൾ എന്തൊക്കെയോ ചോർന്നു പോകുന്നുണ്ടെന്ന് സമ്മതിക്കാതെ വയ്യ. കുട്ടിക്കാലങ്ങൾക്ക് ഗ്രാമീണ ത്തനിമ വേണമെന്ന് ശഠിക്കുകയല്ല, പക്ഷെ, നഷ്ടപ്പെടുന്ന ചില നന്മ കളെക്കുറിച്ചു  ഒരു ബോദ്ധ്യമുണ്ടാകുന്നത് നല്ലത് തന്നെ. 

ചില വിലപ്പെട്ട ഗതകാല സ്വപ്നങ്ങളെ താലോലിക്കാൻ ഇഷടപ്പെടുന്ന വരാണ് എല്ലാ ജനതയും. അത് കൃത്യമായി തിരിച്ചറിഞ്ഞത് രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ ജോലിയെടുക്കുമ്പോഴും, കുറെയേറെ വിദേശരാജ്യ ങ്ങളിൽ സഞ്ചരിച്ചപ്പോഴുമായിരുന്നു.എത്രയേറെ കരുതലോടെയാണ് ചില പഴയ കാല സ്മാരകങ്ങളെ അവർ കാത്തു സൂക്ഷിക്കുന്നത്! അവ യൊക്കെ ചില പോയ കാലങ്ങളുടെ വിലപ്പെട്ട ശേഷിപ്പുകളാണ്. ആരൊക്കെയോ നിക്ഷേപിച്ചു  വച്ച സ്വപ്നങ്ങളുടെ നുറുങ്ങുകൾ.